ദില്ലി: ലോക്‌സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്‌പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയും സസ്‌പെന്റ് ചെയ്തു. പോസ്റ്റര്‍ ഉയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറില്‍ കയറിയും ഡെസ്‌കില്‍ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകള്‍ വലിച്ചു കീറി എറിഞ്ഞു. മൂന്നു മണിക്കൂര്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കു ശേഷമാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.
ഇതോടെ കേരളത്തില്‍ നിന്നുള്ള 20 ല്‍ 18 എംപിമാരും സസ്‌പെന്‍ഷനിലായി. ആകെ 143 എംപിമാരാണ് ഇരുസഭകളിലുമായി സസ്‌പെന്‍ഷനിലായത്. ഇനി കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും എംകെ രാഘവനും മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എംപിമാര്‍ സസ്‌പെന്‍ഷനിലായി.