പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; 2 പേര്‍ കൂടി കസ്റ്റഡിയില്‍, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. മുഖ്യസൂത്രധാരന്‍ ലളിത് ഝായുമായി ബന്ധമുള്ളവരാണെന്നും ഇയാളുടെ കൂട്ടാളികളാണ് പിടിയിലായ രണ്ടുപേരുമെന്നാണ് കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിക്കുന്നത്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. ലളിത് ഝാക്കൊപ്പമാണ് മഹേഷ് കുമാവത്ത് ദില്ലിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ, പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കി.ഇതിനിടെ, മുഖ്യസൂത്രധാരന്‍ ലളിത് ഝാക്ക് തൃണമൂല്‍ എംഎല്‍എയുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. തൃണമൂല്‍ എംഎല്‍എ തപസ് റോയിക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് ആരോപണം. അതേസമയം, ആരോപണം തപസ് റോയി നിഷേധിച്ചു.

Top