ദുബായ് പൊലീസിന് വേഗമേകാന്‍ രണ്ട് സൂപ്പര്‍ കാറുകള്‍ കൂടി

വാഹന പ്രേമികളില്‍ കൗതുകം ഉണര്‍ത്തുന്നതാണ് ദുബായ് പൊലീസിന്റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍കാര്‍ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ്. ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77 തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്.

അടുത്തിടെ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ6 പ്രീമിയം സെഡാന്റെ 100 യൂണിറ്റുകള്‍ ദുബായ് പൊലീസ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ദുബായ് പൊലീസ് ഗാരേജിലേക്ക് രണ്ട് സൂപ്പര്‍ കാറുകള്‍ കൂടി എത്തിയിരിക്കുകയാണ്. ആല്‍ഫ റോമിയോ സ്റ്റെല്‍വിയോ ക്വാഡ്രിഫോഗ്യോ, ആല്‍ഫ റോമിയോ ജൂലിയ ക്വാഡ്രിഫോഗ്യോ എന്നീ കാറുകളാണ് ദുബായി പൊലീസ് പട്രോളിങ് നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം വിപണിയിലിറങ്ങാന്‍ പോകുന്ന 2022 മോഡലുകളാണ് പൊലീസ് നിരയിലെത്തിയിരിക്കുന്നത്. മൂന്നര ലക്ഷം ദിര്‍ഹത്തോളമാണ് ഈ വാഹനങ്ങളുടെ 2021 മോഡലുകളുടെ വില. ഇറ്റാലിയന്‍ രൂപസൗന്ദര്യവും കരുത്തും വേഗവും സമന്വയിക്കുന്ന വാഹനങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ മതി 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍.

അടുത്തിടെ ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസില്‍ ഇടം പിടിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജും പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസറും ദുബായ് പൊലീസില്‍ ചേര്‍ന്നിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാന്‍ഡായ ജെനസിസിന്റെ GV80 എസ്‌യുവി ദുബായി പൊലീസിന്റെ ഭാഗമായതും ഈ വര്‍ഷം തന്നെയാണ്.

 

Top