തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ഗവർണർക്ക് വിശദീകരണം നൽകി. ഡിജിറ്റൽ സർവ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാല വിസിയുമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. ഇതോടെ ഇതുവരെ അഞ്ച് വിസിമാർ ഗവർണർക്ക് വിശദീകരണം നൽകി. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 2 ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.