ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്ക് റേഡിയോണിന് ഈ ഉത്സവ സീസണില്‍ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ കൂടി നല്‍കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്. ചുവപ്പ്, കറുപ്പ് എന്നിവയ്‌ക്കൊപ്പം നീല, കറുപ്പ് എന്നിവയുടെ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലാണ് പുതിയ ബൈക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് കൂടാതെ ബൈക്കില്‍ മറ്റ് മാറ്റങ്ങളൊന്നും ഇതുവരെ വരുത്തിയിട്ടില്ല. ഈ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളും ബൈക്കിന്റെ ഇന്ധന ടാങ്കില്‍ കാണാം. ഇതുകൂടാതെ, അതിന്റെ ഹെഡ്ലാമ്പിന് ബോഡി കളര്‍ മാത്രമായിരിക്കും. ബൈക്കിന്റെ സൈഡ് പാനലില്‍ ഡ്യുവല്‍ ടോണ്‍ ടച്ചും ഉണ്ടാകും. മറുവശത്ത്, എഞ്ചിനിലെ ഗോള്‍ഡന്‍ ടച്ച്, അലോയ് വീലുകള്‍ എന്നിവയും ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ ലഭ്യമാകും.
റേഡിയോണ്‍ വില കുറഞ്ഞ ബൈക്കാണെന്നും കൂടുതല്‍ മൈലേജ് നല്‍കുമെന്നും ടിവിഎസ് മോട്ടോര്‍ അവകാശപ്പെടുന്നു. ഒരു ലിറ്റര്‍ പെട്രോളില്‍ 79.3 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്യുവല്‍ ടോണ്‍ ഡ്രം വേരിയന്റിന്റെ ദില്ലി എക്സ് ഷോറൂം വില ഏകദേശം 69,000 രൂപയില്‍ ആരംഭിക്കുന്നു, ഡിസ്‌ക് വേരിയന്റിന് ഏകദേശം 72,000 രൂപ വിലവരും.
109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് റേഡിയോണിന്റെ ഹൃദയം. ഫ്യൂല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ഈ എഞ്ചിന്‍ 7,350 ആര്‍പിഎമ്മില്‍ 8.08 ബിഎച്ച്പി പരമാവധി കരുത്തും 4,500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഗിയര്‍ബോക്സാണ് പുതിയ മോഡലിലും ട്രാന്‍സ്മിഷന്‍.
സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയ്മിലാണ് റേഡിയോണിന്റെ പിറവി. വലിയ സീറ്റ്, ഹെഡ്ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷത.
2025 എംഎം നീളവും 705 എംഎം വീതിയും 1080 എംഎം ഉയരവുമുണ്ട് ബൈക്കിന്. 1265 എംഎം ആണ് വീല്‍ബേസ്. 10 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഒരു ഫുള്‍ ടാങ്കില്‍ 650 കിലോമീറ്റര്‍ വരെ റേഡിയോണിന് സഞ്ചരിക്കാനാവും. ഡിസ്‌ക്, ഡ്രം ബ്രേക്കുകള്‍ റേഡിയോണിന് സുരക്ഷയൊരുക്കും. 180 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്റര്‍. 18 ഇഞ്ചാണ് അലോയി വീല്‍.