പുതുക്കാട് : ലോറി ജീവനക്കാരുടെ വേഷത്തിൽ രാജ്യം മുഴുവൻ കറങ്ങി എടിഎമ്മുകളിൽ നിന്നു പണം തട്ടിയെടുക്കുന്നതു പതിവാക്കിയ ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ഹരിയാന നൂഹ് ഖാൻസാലി സ്വദേശികളായ സിയാ ഉൽഹഖ് സുലേഖാൻ (35), നവേദ് മുഹമ്മദ് റിസ്വാൻ (28) എന്നിവരെയാണു പുതുക്കാട് പൊലീസ് തന്ത്രപരമായി പിടികൂടിയത്. പുതുക്കാട് ദേശീയപാതയോരത്തെ തൊറവ് എസ്ബിഐ ശാഖയുടെ എടിഎമ്മിൽ നിന്നു കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ 1.74 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വ്യാജരേഖകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും തരപ്പെടുത്തി എടിഎമ്മിന്റെ സാങ്കേതിക പിഴവുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്. സംഭവസമയത്ത് എടിഎമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന ലോറികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉത്തരേന്ത്യൻ സ്വദേശികളാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് മനസ്സിലാക്കി. തട്ടിപ്പുകാർ ഓടിച്ചിരുന്ന ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതും നിർണായകമായി.
ഇടിയേറ്റ വാഹനത്തിന്റെ ഉടമയ്ക്കു പ്രതികൾ നഷ്ടപരിഹാരത്തുക അയച്ചതു തട്ടിപ്പു നടത്താനുപയോഗിച്ച അക്കൗണ്ടിൽ നിന്നാണ്. പ്രതികളിലേക്ക് അന്വേഷണമെത്താൻ ഇതു നിർണായക തെളിവായി. ഇവരെ കഴിഞ്ഞ വർഷം തന്നെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പിന്തുടരുന്നതറിഞ്ഞ് ഇവർ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ അതിർത്തി മലയോര ഗ്രാമങ്ങളിൽ അഭയം തേടി. ഹരിയാന പൊലീസിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ കൂടി സഹായത്തോടെ നടത്തിയ റെയ്ഡുകൾക്ക് ഒടുവിലാണു പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.