ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ധര്‍മ്മപുരി: തമിഴ്‌നാടിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ധര്‍മ്മപുരിയില്‍ ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. നാല് ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ നല്‍കി എന്നാണ് ഇവര്‍ക്കെതിരായ പരാതി.

മരപ്പനായ്ക്കന്‍പട്ടി സ്വദേശികളായ ചിന്നത്തായി (60), മരുമകള്‍ ബി ധരണി (32) എന്നിവരെയാണ് കമ്പൈനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് നടപടി. പോളയംപാളയം സ്വദേശിനിയായ ദളിത് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. പോളയംപാളയത്ത് നിന്നുള്ള സ്ത്രീകളും ഇവിടെ ജോലിക്കെത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലിക്കിടെ തങ്ങള്‍ക്ക് ചിരട്ടയിലാണ് ചായ നല്‍കിയത്. ഇതിനുമുമ്പും ഇവരുടെ ഭാഗത്ത് നിന്നും ഇത്തരം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മരപ്പനായ്ക്കന്‍പട്ടിയിലെ ദളിതരില്‍ ഭൂരിഭാഗവും വിവേചനം അനുഭവിക്കുന്നുണ്ടെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ആരോപണം വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാടത്ത് പണിയെടുത്തിരുന്ന ദളിത് തൊഴിലാളികള്‍ക്ക് ഇവര്‍ ചിരട്ടയിലാണ് ചായ നല്‍കിയിരുന്നതെന്ന് കമ്പൈനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കാളിയപ്പന്‍ പറഞ്ഞു. ചിന്നത്തായിക്കും ധരണിക്കുമെതിരെ 2015ലെ എസ്സി/എസ്ടി ആക്ട് സെക്ഷന്‍ 3(1)(ആര്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Top