ചാലക്കുടി : മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളം കയറി മൂന്ന് ദിവസമായി ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവിടം. 1500 പേരോളം ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. 100 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. മാനസികാരോഗ്യകേന്ദ്രത്തിലും 150 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. മരിച്ച രണ്ട് പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് ധ്യാനകേന്ദ്രത്തില്‍ 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നത്.
ചെങ്ങന്നൂരില്‍ വെള്ളം നിറഞ്ഞ വീട്ടില്‍ കുടുങ്ങി യുവാവിനെയും അമ്മയെയും മുത്തശ്ശിയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മംഗലം കണ്ണാട്ടുവീട്ടില്‍ റെനി, ബേബി, ശോശാമ്മ എന്നിവരാണ് മരിച്ചത്. നടുവൊടിച്ച പ്രളയത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ് കേരളം. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും ആളുകളേയും എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും മരുന്നും പോലും ലഭിക്കാതെ അവശനിലയിലും. 17 ദിവസം കൊണ്ട് 184 പേരാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചത്. ഇതില്‍ 136 പേരുംമരിച്ചത് കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ്.
തൃശൂര്‍ കുറാഞ്ചേരി ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ ലഭിച്ചു. ഇതോടെ ഇവിടെ മാത്രം മരണസംഖ്യ 18 ആയി. ചാലക്കുടി, ചെങ്ങന്നൂര്‍, പത്തനംതിട്ട, പന്തളം, ആലുവ തുടങ്ങിയ പ്രദേശങ്ങള്‍ ദുരിതക്കയത്തിലാണ്.