ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിയടക്കമുള്ള രണ്ട് പൈലറ്റുമാരും മരിച്ചതായി വ്യോമസേനയുടെ സ്ഥിരീകരണം.
കോഴിക്കോട് സ്വദേശി അച്ചുദേവും ഉത്തര്‍പ്രദേശുകാരനായ സ്ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റതുമൂലം പൈലറ്റുമാര്‍ ഇരുവര്‍ക്കും വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പ് പുറത്തുകടക്കാനായിരുന്നില്ലെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം മേലെതാന്നിക്കാട്ട് വി.പി സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്. ഐഎസ്‌ആര്‍ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് സഹദേവന്‍.
മെയ് 23ന് രാവിലെ പത്തരയോടെയാണ് വിമാനം ചൈനാ അതിര്‍ത്തിക്കടുത്ത് കാണാതായത്. അരുണാചലിലെ തേജ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 60 കിലോമീറ്റര്‍ അകലെ തകര്‍ന്നുവീഴുകയായിരുന്നു.
വിമാനം കണ്ടെത്താന്‍ വ്യോമസേനയുടേയും കരസേനയുടേയും സംഘങ്ങള്‍ ഒരാഴ്ചയായി ശ്രമിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വ്യാഴാഴ്ച വിമാനത്തിന്റെ ബ്ലാക്ക്ബോക്സും കണ്ടെത്തിയിരുന്നു.