ആളെക്കൊല്ലാന്‍ പുതിയ കൊറോണയുടെ രണ്ട് വര്‍ഗ്ഗങ്ങള്‍; 70% രോഗികള്‍ക്കും മാരകവൈറസ്

ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണാവൈറസ് ചുരുങ്ങിയത് രണ്ട് വര്‍ഗ്ഗഭേദങ്ങളായി രൂപാന്തരം പ്രാപിച്ചെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ഒരു കൊറോണാവൈറസിന്റെ രണ്ട് തരത്തിലുള്ള വര്‍ഗ്ഗങ്ങളാണ് ആളുകളെ ബാധിച്ച് വരുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതില്‍ ഏറെ ആശങ്കപ്പെടുത്തുന്ന വിഷയം കൂടുതല്‍ പേരെയും ബാധിച്ചത് ഏറ്റവും ശക്തമായ വൈറസ് തന്നെയാണെന്ന വസ്തുതയാണ്.

ലോകത്തില്‍ ഏകദേശം 94,000 പേര്‍ക്കാണ് ഇപ്പോള്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3200ഓളം പേര്‍ മരണപ്പെട്ടു. അന്‍പതിനായിരം പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടുകയും ചെയ്തു. രോഗം പിടിപെട്ട 70 ശതമാനം പേര്‍ക്കും വൈറസിന്റെ ശക്തമായ വര്‍ഗ്ഗമാണ് ബാധിക്കപ്പെട്ടതെന്ന് ബീജിംഗിലെയും, ഷാന്‍കായിയിലെയും ഒരു സംഘം വിദഗ്ധര്‍ കണ്ടെത്തി. ഇതുമൂലം രോഗം കടുക്കുമെങ്കിലും വ്യാപകമായി പടരാന്‍ ഈ വൈറസ് വര്‍ഗ്ഗത്തിന് സാധിച്ചിട്ടില്ല.

ഇപ്പോള്‍ താരതമ്യേന ശക്തി കുറഞ്ഞ വര്‍ഗ്ഗമാണ് സാധാരണമായി മാറുന്നതെന്നും ഗവേഷകര്‍ പറയുന്നു. വൈറസുകള്‍ക്ക് വര്‍ഗ്ഗഭേദം വരുന്നത് ഇവയെ കണ്ടെത്താനും ചികിത്സിക്കാനും വെല്ലുവിളി ഉയര്‍ത്തും. കൂടാതെ രോഗമുക്തി നേടിയ രോഗികള്‍ക്ക് ഈ ഇന്‍ഫെക്ഷന്‍ തിരികെ ലഭിക്കാനും സാധ്യതയേറും. എന്നാല്‍ കുറച്ച് സാമ്പിളുകള്‍ മാത്രം പഠിച്ചപ്പോഴാണ് രണ്ട് തരം വൈറസുകളായി രൂപാന്തരം പ്രാപിച്ചതായി കണ്ടെത്തിയത്. കൂടാതെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് ചാടുമ്പോള്‍ വൈറസുകള്‍ക്ക് പരിണാമം സംഭവിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ബീജിംഗിലെ പെകിംഗ് യൂണിവേഴ്‌സിറ്റി, ഷാന്‍കായ് യൂണിവേഴ്‌സിറ്റി, ചൈനീസ് അക്കാഡമി ഓഫ് സയന്‍സസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇവരുടെ പഠനം അനുസരിച്ച് കൊവിഡ് 19 രണ്ട് സ്‌ട്രെയിനുകളായി തരംതിരിഞ്ഞിട്ടുണ്ട്. എല്‍, എസ് എന്നീ നാമങ്ങള്‍ നല്‍കിയവയില്‍ ശക്തമായ എല്‍ വര്‍ഗ്ഗമാണ് 70 ശതമാനം രോഗികളെയും ബാധിച്ചത്. എന്നാല്‍ ജനുവരിക്ക് ശേഷം ഈ വൈറസിന് കാര്യമായി പടര്‍ന്നുപിടിക്കാന്‍ സാധിച്ചിട്ടില്ല.

Top