ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സിനിമക്കുള്ള സ്വീകാര്യത വളരെ വലുതാണ്. ഇന്ത്യന്‍ സിനിമ വാണിജ്യപരമായ് ഉയര്‍ന്ന പാതയിലാണ്. അടുത്തിറങ്ങിയ രണ്ട് പടങ്ങളില്‍ വളരെ മികവ് പുലര്‍ത്തിയ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച സിനിമകളാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറും ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനും.
ജയിലര്‍ ആദ്യദിനം മുതല്‍ പോസിറ്റീവ് അഭിപ്രായം മാത്രം ലഭിച്ച ചിത്രമാണെങ്കില്‍ ജവാന് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു, വിശേഷിച്ചും തെന്നിന്ത്യയില്‍. എന്നിരിക്കിലും പഠാന്റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാന്‍ ചിത്രമെന്ന യുഎസ്പി ചിത്രത്തിന് ഉണ്ടായിരുന്നു. രണ്ട് ചിത്രങ്ങളും രണ്ട് വാരം കൊണ്ട് നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. 17-ാം ദിവസം ആയിരുന്നു ജയിലര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ അവസാന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിര്‍മ്മാതാക്കളുടെ കണക്കനുസരിച്ച് 525 കോടി ആയിരുന്നു ജയിലറിന്റെ നേട്ടം. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് ജവാന്‍ 16 ദിവസം കൊണ്ട് നേടിയ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 953.97 കോടിയാണ്.