രണ്ട് വര്‍ഷംമുമ്പ് പാറ്റയെന്ന് വിളിച്ച് പരിഹസിച്ചു ; ഇന്ന് വിക്രാന്ത് മാസിയെ പ്രശംസകള്‍ കൊണ്ട് മൂടി കങ്കണ

ബോളിവുഡ് നടന്‍ വിക്രാന്ത് മാസിയെ നടി കങ്കണ റണൗട്ട് പാറ്റയെന്ന് വിളിച്ച് പരിഹസിച്ച വിഷയം വളരെയധികം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിഹസിച്ച അതേ നടനെ ഇന്ന് പ്രശംസകള്‍ കൊണ്ടു മൂടിയിരിക്കുകയാണ് കങ്കണ. വിക്രാന്ത് നായകനായ 12ത് ഫെയില്‍ എന്ന ചിത്രം നടി കാണാനിടയായതാണ് അതിനു കാരണം. നടന്‍ ഇര്‍ഫാന്‍ ഖാനോടാണ് വിക്രാന്ത് മാസിയെ കങ്കണ ഉപമിച്ചത്.

വിധു വിനോദ് ചോപ്ര തിരക്കഥയെഴുതി നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ’12ത് ഫെയില്‍’. വിധു സാര്‍ വീണ്ടും തന്റെ ഹൃദയം കീഴടക്കിയെന്നാണ് കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. വിക്രാന്ത് മാസി അതിശയിപ്പിക്കുന്നു. ഇര്‍ഫാന്‍ ഖാന്‍ സാബ് അവശേഷിപ്പിച്ച ശൂന്യത വരും വര്‍ഷങ്ങളില്‍ ഈ നടന്‍ നികത്തിയേക്കാം. നിങ്ങളുടെ കഴിവിന് അഭിവാദ്യങ്ങള്‍ എന്നും കങ്കണ കുറിച്ചു.

”എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനറല്‍ വിദ്യാര്‍ഥിയായതിനാല്‍, സ്‌കൂള്‍ വര്‍ഷങ്ങളില്‍ റിസര്‍വേഷന്‍ ഇല്ലാതെ എന്‍ട്രി ടെസ്റ്റുകളില്‍ പങ്കെടുക്കണമായിരുന്നു. സിനിമ കാണുന്നതിനിടെ ഉടനീളം ഞാന്‍ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയില്‍ ഞാന്‍ ഇത്രയും കരഞ്ഞിട്ടില്ല. സഹയാത്രികര്‍ എന്നെ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു.” കങ്കണ കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷംമുമ്പ് ഇതേ വിക്രാന്ത് മാസിയെ കങ്കണ പാറ്റയെന്നായിരുന്നു വിശേഷിപ്പിച്ചത്. വിവാഹവസ്ത്രം അണിഞ്ഞുള്ള ഒരു ചിത്രം നടി യാമി ഗൗതം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹവസ്ത്രത്തില്‍ യാമിയെ കാണാന്‍ രാധേ മായേപ്പോലെയുണ്ടെന്നാണ് ഇതിന് വിക്രാന്ത് മാസി കമന്റ് ചെയ്തത്. ഈ കമന്റിനോടുള്ള പ്രതികരണമായാണ് കങ്കണ രോഷാകുലയായി പ്രതികരിച്ചത്. ഈ പാറ്റ എവിടെനിന്ന് വന്നുവെന്നും ചെരുപ്പ് കൊണ്ടുവരൂ എന്നുമായിരുന്നു കങ്കണ എഴുതിയത്.

”ഈ കാര്യങ്ങളൊന്നും ഞാന്‍ ശരിക്കും ശ്രദ്ധിക്കാറില്ല. എന്റെ ജീവിതത്തിലെ വിഷാംശം വളരെ ബോധപൂര്‍വം നിരാകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ട്വിറ്ററില്‍ അധികം പോകാത്തത്. നമുക്കുള്ള ഏറ്റവും മോശം പ്ലാറ്റ്ഫോമുകളില്‍ ഒന്നാണിത്. വ്യക്തിപരമായി, ഞാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ല.” എന്നായിരുന്നു ഇതിനോട് വിക്രാന്ത് മാസി പിന്നീട് പ്രതികരിച്ചത്. തിയേറ്ററിലെ ഗംഭീര വിജയത്തിനുശേഷം ഒ.ടി.ടിയിലും പ്രശംസ നേടുകയാണ് ’12ത് ഫെയില്‍’.

Top