കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഖുര്‍ആന്‍ കത്തിക്കുന്നത് നിരോധിച്ചു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ഡാനിഷ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കും. 179 അംഗ ഡാനിഷ് പാര്‍ലമെന്റില്‍ 94 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. ബില്ലിനെ 77പേര്‍ എതിര്‍ത്തു. ഡാനിഷ് രാജ്ഞി ഒപ്പുവെച്ചാല്‍ നിയമം പ്രാബല്യത്തിലാകും.
പൊതുസ്ഥലത്ത് മതഗ്രന്ഥങ്ങള്‍ കത്തിക്കുകയോ കീറുകയോ മലിനമാക്കുകയോ ചെയ്യുന്നവര്‍ക്ക് പിഴയും രണ്ട് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കും. വിഡിയോ വഴി മതഗ്രന്ഥത്തിലെ വാചകം നശിപ്പിക്കുകയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്താല്‍ കുറ്റവാളികളെ ജയിലില്‍ അടക്കുകയും ചെയ്യും.
ഡെന്‍മാര്‍ക്കിലെ തീവ്രവാദ ഭീഷണി ചെറുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡാനിഷ് നീതിന്യായ മന്ത്രാലയം പറഞ്ഞു. സമീപകാലത്തും ഡെന്‍മാര്‍ക്കിലും സ്വീഡനിലും ഖുര്‍ആന്‍ കത്തിച്ചതിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. ഇതിനെതിരെ ശിയാ പുരോഹിതന്‍ മുഖ്താദ അല്‍ സദര്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ജൂലൈ അവസാനത്തില്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഡാനിഷ് എംബസിയിലേക്ക് പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു.