വെല്ലിങ്ടണ്‍: യുവത്വത്തിന്റെ ദിനങ്ങള്‍ക്ക് ആവേശം കുറിച്ച് ലോക ക്രിക്കറ്റ് മാമാങ്കം. പന്ത്രണ്ടാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ശനിയാഴ്ച ന്യൂസീലന്‍ഡില്‍ തുടക്കം കുറിക്കും. മൂന്നാംതവണയാണ് ന്യൂസീലന്‍ഡ് ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നത്.
16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ അടുത്ത മാസം ഫെബ്രുവരി മൂന്നിന് നടക്കും. ടൂര്‍ണമെന്റില്‍ ഞായറാഴ്ചയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. കൂടാതെ പാപ്പുവ ന്യൂഗിനി, സിംബാബ്‌വെ ടീമുകളാണ് ഇന്ത്യക്കൊപ്പം ബി ഗ്രൂപ്പിലുള്ളത്. നാലാം കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൃഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്.
രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ മികച്ച താരനിരയാണ് ഉള്ളത്. ക്യാപ്റ്റനു പുറമേ ഷുബ്മാന്‍ ഗില്‍, ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 2016ല്‍ നടന്ന ലോകകപ്പ് ഫൈനലില്‍ വിന്‍ഡീസിനോട് പരാജയപ്പട്ടാണ് ഇന്ത്യ രണ്ടാമതായത്.
ലോകകപ്പിന്റെ ആദ്യദിനം നാല് മത്സരങ്ങളാണ് നടക്കുക. എ ഗ്രൂപ്പില്‍ അഫ്ഗാനിസ്താന്‍ പാക്കിസ്ഥാനെയും സി ഗ്രൂപ്പില്‍ ബംഗ്ലാദേശ് നമീബിയയെയും നേരിടും. എ ഗ്രൂപ്പില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസാണ് എതിരാളി. ബി ഗ്രൂപ്പിലെ മത്സരത്തില്‍ പാപ്പുവ ന്യൂഗിനി സിംബാബ്‌വെയെ നേരിടും.