ന്യൂയോര്‍ക്ക്: അണുബോംബ് പരീക്ഷണം, തുടര്‍ച്ചയായ റോക്കറ്റ് വിക്ഷേപണം എന്നിവയുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയ കൊറിയയ്‌ക്കെതിരെ ഉപരോധം കടുപ്പിയ്ക്കാനുള്ള നീക്കം സജീവമായി. യു.എന്‍ രക്ഷാസമിതിയില്‍ ഇത് സംബന്ധിച്ച് അമേരിക്ക കരട് പ്രമേയം സമര്‍പ്പിച്ചു. ചൈനയുടെ പിന്തുണയും അമേരിക്കയ്ക്ക് ലഭിച്ചു എന്നതാണ് ശ്രദ്ധേയം.
നേരത്തെ ഉത്തരകൊറിയയ്ക്ക് പിന്തുണ നല്‍കിയിരുന്ന ഒരേയൊരു രാജ്യമായ ചൈന അടുത്തിടെ അവര്‍ നടത്തിയ അണുബോംബ് പരീക്ഷണം അടക്കമുള്ളവയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രമേയം അംഗീകരിയ്ക്കപ്പെട്ടാല്‍ ഉത്തരകൊറിയയില്‍ നിന്ന് വരുന്നതും ഉത്തരകൊറിയയിലേയ്ക്ക് പേകുന്നതുമായ എല്ലാ കാര്‍ഗോകളും യു.എന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് പരിശോധിയ്‌ക്കേണ്ടി വരും.
നിയമവിരുദ്ധമായ എന്തെങ്കിലും വസ്തു കണ്ടെത്തിയാല്‍ കപ്പലിനെ ലോകത്തെ എല്ലാ തുറമുഖങ്ങളില്‍ നിന്നും വിലക്കും. ആയുധങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ല. വിമാന ഇന്ധനവും റോക്കറ്റ് ഇന്ധനവും ഉത്തരകൊറിയയിലേയ്ക്ക് കൊണ്ടുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തും. വിമാന ഇന്ധനത്തിനുള്ള വിലക്ക് ഉത്തരകൊറിയയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയേക്കും. ഉത്തരകൊറിയയുടെ 90 ശതമാനം വ്യാപാരവും ചൈനയുമായാണ്. അതേ സമയം ഉപരോധം ഇതിനെ ബാധിച്ചേക്കില്ലെന്നും സൂചനയുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏതെങ്കിലുമൊരു രാജ്യത്തിനെതിരെ രക്ഷാസമിതി കൊണ്ടുവരുന്ന ഏറ്റവും ശക്തമായ ഉപരോധമാണിതെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ സമാന്ത പവര്‍ പറഞ്ഞു. ഈയാഴ്ച അവസാനം രക്ഷാസമിതിയില്‍ ഇത് സംബന്ധിച്ച് വോട്ടെടുപ്പുണ്ടായേക്കും.
ജനുവരിയില്‍ നടത്തിയ അണുബോംബ് പരീക്ഷണവും ഈ മാസം നടത്തിയ ദീര്‍ഘദൂര റോക്കറ്റ് പരീക്ഷണവുമാണ് ഉപരോധത്തിനുള്ള പ്രകോപന കാരണം. യു,എന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് രണ്ട് നടപടിയുമെന്നാണ് വിലയിരുത്തല്‍. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമേരിക്കയും ചൈനയും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തിയിരുന്നു.