u.s election- tramp win primary

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്. ഇന്നലെ വാഷിങ്ടണിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപ് വിജയം കുറിച്ചു.

അതിനിടെ ട്രംപിന്റെ റാലിക്കിടെയുണ്ടായ പ്രതിഷേധത്തിനു നേരെ പൊലീസ് നടപടിയുണ്ടായി.

വാഷിങ്ടണിലെ 44 റിപ്പബ്ലിക്കന്‍ പ്രതിനിധികളില്‍ 27 പേരും ട്രംപിനെ പിന്തുണയ്ക്കും. 1237 പ്രതിനിധികളുടെ പിന്തുണയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ വേണ്ടത്.

ട്രംപിന് ഇപ്പോള്‍ 1209 പേരുടെ പിന്തുണയായിക്കഴിഞ്ഞു. ബാക്കിയുള്ള പ്രൈമറികളിലും കോക്കസുകളിലുമായി 352 പ്രതിനിധികളെ തിരഞ്ഞെടുക്കാനുണ്ട്. ട്രംപ് വിജയം നേടുമെന്ന് ഇതോടെ ഉറപ്പായി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലറി ക്ലിന്റണും സ്ഥാനാര്‍ഥിത്വത്തോട് അടുക്കുകയാണ്.

2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലറിക്ക് ഇപ്പോള്‍ 2287 പേരുടെ പിന്തുണ കിട്ടിക്കഴിഞ്ഞു. 988 പ്രതിനിധികളെ ഇനി തിരഞ്ഞെടുക്കാനുണ്ട്.
ഇതിനിടെ, ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കില്‍ ട്രംപിന്റെ റാലിയില്‍ സംഘര്‍ഷമുണ്ടായി. ട്രംപ് വിരുദ്ധ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറുമുണ്ടായി.

ട്രംപിന്റെ പ്രസംഗം പലതവണ തടസ്സപ്പെട്ടു. കാലിഫോര്‍ണിയയിലും ട്രംപിന്റെ റാലിക്കു നേരെ പ്രതിഷേധമുണ്ടായി. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുഎസിലെ എഴുത്തുകാരും കലാകാരന്മാരും ട്രംപിനെതിരെ രംഗത്തുവരുന്നതു തുടരുകയാണ്. ട്രംപിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് എഴുത്തുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top