സൗദിക്കെതിരെ കടുത്ത നടപടി; സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നിര്‍ത്തി, യുഎസ്

ന്യൂയോര്‍ക്ക്: സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സൗദി അറേബ്യയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം യു.എസ്. താത്കാലികമായി നിര്‍ത്തിവെച്ചു. ആയുധ പരിശീലനം, വിമാനം പറത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവയാണ് താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.

ഫ്ളോറിഡയിലെ പെന്‍സകോല സൈനികത്താവളത്തില്‍ സൗദി വ്യോമസേന ഉദ്യോഗസ്ഥന്‍ മൂന്നുപേരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഈ നടപടി.

സൗദിയില്‍ നിന്ന് ഏകദേശം മുന്നൂറിലധികം വ്യോമസേന വിദ്യാര്‍ഥികളാണ് നിലവില്‍ യു.എസില്‍ പരിശീലനം തേടുന്നത്. വ്യോമസേന വിദ്യാര്‍ഥികള്‍ക്ക് പുറമേ സൗദിയില്‍ നിന്നുള്ള എല്ലാ സൈനിക വിദ്യാര്‍ഥികള്‍ക്കും പുതിയ തീരുമാനം ബാധകമാണെന്നും അതേസമയം, കോഴ്സ് വര്‍ക്ക്, ഇംഗ്ലീഷ് ഭാഷ ക്ലാസുകള്‍ തുടങ്ങിയവ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡിസംബര്‍ ആറ് വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ ആറരയോടെയാണ് ഫ്ളോറിഡയിലെ യു.എസിന്റെ പെന്‍സകോല നാവികസേനാ ആസ്ഥാനത്ത് വെടിവെപ്പുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നാവിക ബേസില്‍ പരിശീലനത്തിലുണ്ടായിരുന്ന മുഹമ്മദ് സയദ് അല്‍ഷമ്റാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിര്‍ത്തത്. ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

Top