ന്യൂയോര്‍ക്ക്: ഉത്തരകൊറിയ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യു.എന്‍ പ്രമേയം. മുന്നറിയിപ്പുകള്‍ ലംഘിച്ച് നടത്തിയ ഈ വിക്ഷപണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യു.എന്‍ തീരുമാനിച്ചു. യു.എന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം .
മുന്നറിയിപ്പുകള്‍ അവഗണിച്ചുളള ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യു.എസ്സും ജപ്പാനും ദക്ഷിണകൊറിയയും നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ലക്ഷ്യമിട്ടത് ഉപഗ്രഹ വിക്ഷേപണം മാത്രമാണെന്ന വിശദീകരണത്തില്‍ ഉത്തരകൊറിയ ഉറച്ചുനില്‍ക്കുകയായിരുന്നു.
പിന്നീട് ഉപഗ്രഹ വിക്ഷേപണത്തിനുപരി ദീര്‍ഘദൂര റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുകയാണ് ഉത്തരകോറിയ ലക്ഷ്യമിട്ടതെന്ന വിമര്‍ശനവുമായി ലോകശക്തികള്‍ മുന്നോട്ട് വന്നതോടെ പ്രശ്‌നത്തില്‍ യു.എന്‍ ഇടപെടുകയായിരുന്നു.
ഉത്തരകൊറിയ യു.എന്‍ രക്ഷാസമിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്നും, രക്ഷാസമിതിയിലെ അംഗങ്ങള്‍ ഉത്തരകൊറിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്ന് വെനിസ്വല യു.എന്‍ വക്താവ് റാഫേല്‍ റമീറെസ് അറിയിച്ചു. നിലവിലുളള യു.എന്‍ രക്ഷാസമിതി ചട്ടങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം അമേരിക്കയും ജപ്പാനും മുന്നോട്ട് വെച്ചു.