ആധിപത്യം തകര്‍ത്തെന്ന് യു എ ഇ, ബഹുദൂരം മുന്നിലെന്ന് അല്‍ജസീറ

ദോഹ: ഉപരോധ കാലത്ത് അല്‍ജസീറയുടെ ആധിപത്യം തകര്‍ക്കാന്‍ സാധിച്ചതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഖിര്‍ഖാശ്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ചാനല്‍ ശൃഖല അല്‍ജസീറയെ പിന്തള്ളി മുന്നോട്ട് കുതിക്കുന്നുവെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മന്ത്രി ട്വീറ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും പ്രേക്ഷകരുടെ എണ്ണത്തില്‍ അത്ഭുകരമായ വളര്‍ച്ചയാണ് തങ്ങള്‍ക്ക് ഉണ്ടായതെന്ന് അല്‍ജസീറ വ്യക്തമാക്കി. മറ്റ് ചാനലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് തങ്ങളെന്നും ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ua-e

അറബ് പ്രേക്ഷക ലോകത്ത് അല്‍ജസീറയുടെ സ്ഥാനം ഒരാള്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. അല്‍ജസീറ ഏകാധിപതികളുടെ പേടി സ്വപ്നമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ ഈ ചാനല്‍ ഏത് വിധേനയെങ്കിലും നിര്‍ത്തിവെപ്പിക്കുകയെന്നാണ് ഈ രാജ്യങ്ങളുടെ പ്രധാന അജണ്ടയെന്നും സംഘടന പറയുന്നു.

ഉപരോധം പിന്‍വലിക്കാന്‍ ഈ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിബന്ധനകളില്‍ ഒന്നാമത് അല്‍ജസീറ പൂട്ടുകയെന്നതാകാന്‍ കാരണവും ചാനലിന്റെ ജനസ്വാധീനമാണെന്ന് റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അല്‍ജസീറ ലോകം കാണുന്ന സുപ്രധാന ചാനലായി മാറിക്കഴിഞ്ഞതില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ ആശങ്കയുള്ളവരാണെന്ന് സംഘടനഎക്‌സ്യൂട്ടീവ് ഡയറക്ടര്‍ കെന്നത് റോത്ത് അഭിപ്രായപ്പെട്ടു.

അല്‍ ജസീറ 140ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പേരിലേക്കാണ് എത്തുന്നത്. എഴുപത് ബ്യൂറോകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അല്‍ജസീറയ്ക്കുണ്ട്.

Top