മുഖാവരണം ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ

ദുബായ്: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ യു.എ.ഇ.യില്‍ മുഖാവരണം ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ ചില പൊതുയിടങ്ങളില്‍ മുഖാവരണം ധരിക്കണമെന്ന നിബന്ധന നീക്കി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും ആളുകള്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്ന ഇടങ്ങളിലൊഴികെ മറ്റെല്ലായിടത്തും മുഖാവരണം നിര്‍ബന്ധമാണ്. മുഖാവരണം നിര്‍ബന്ധമല്ലെന്ന് കാണിക്കുന്ന അറിയിപ്പുകള്‍ പ്രത്യേക സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുഖാവരണം ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 18 മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് മുഖാവരണം ധരിക്കല്‍ നിര്‍ബന്ധമാക്കിയത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞുവരികയാണ്. പുതിയതായി 318 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 380 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,33,643 പേര്‍ക്ക് യു.എ.ഇ.യില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,25,634 പേര്‍ രോഗമുക്തരാവുകയും 2,080 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 5,929 രോഗികളാണ് രാജ്യത്തുള്ളത്.

 

 

Top