യുഎഇയില്‍ നാലു വയസ്സുകാരന്‍ ഇലക്ട്രിക് വയറില്‍ തൂങ്ങി മരിച്ച നിലയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ നാലു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ശനിയാഴ്ച രാത്രി അല്‍ താവൂന്‍ ഏരിയയിലെ വീടിന്റെ വാതിലില്‍ ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് ഈജിപ്ഷ്യന്‍ കുടുംബത്തിലെ ബാലനെ കണ്ടെത്തിയത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

സംഭവം നടക്കുമ്പോള്‍ ജോലി കഴിഞ്ഞെത്തിയ പിതാവ് മുറിയില്‍ വിശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് അടുക്കളയിലായിരുന്നു. 16 വയസ്സുള്ള സഹോദരനുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. സഹോദരന്‍ കുളിമുറിയില്‍ പോയി കുറച്ചു സമയം കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും കുട്ടി ഇലക്ട്രിക് വയറില്‍ വാതിലില്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ആംബുലന്‍സുമെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് ജോലി കഴിഞ്ഞ് വന്നതിന് ശേഷം ബീച്ചില്‍ കൊണ്ടുപോകാമെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ വൈകിയത് കാരണം കൊണ്ടുപോകാന്‍ സാധിച്ചില്ല. ഇതില്‍ ക്ഷുഭിതനായ കുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിക്ക് 14 വയസ്സുള്ള ഒരു സഹോദരന്‍ കൂടിയുണ്ട്. തറയില്‍ നിന്ന് ഏറെ മുകളിലായിരുന്നു കുട്ടിയുടെ കാല്‍പ്പാദങ്ങള്‍. ഇലക്ട്രിക് വയര്‍ വാതിലില്‍ മുറുക്കി കെട്ടിയിട്ടിരുന്നു. കുട്ടിയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ഇലക്ട്രിക് വയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാം. എന്നാല്‍ കഴുത്തിന് പിന്‍ഭാഗത്ത് ഇത്തരത്തില്‍ പാടുകള്‍ കണ്ടെത്താനായില്ല. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കുട്ടി സ്വയം ജീവനൊടുക്കിയതാണെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top