ദുബായ് : ക്രിക്കറ്റ് ലോകം 2024നെ വരവേറ്റത് വമ്പന്‍ അട്ടിമറിയോടെ. ടി20 പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച യുഎഇ ആണ് ക്രിക്കറ്റ് ആരാധകരെ പുതുവര്‍ഷത്തില്‍ ഞെട്ടിച്ചത്. 2023ലെ അവസാന ദിനം നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 11 റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാനെ യുഎഇ അട്ടിമറിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19.5 ഓവറില്‍ 155 റണ്‍സിന് ഓള്‍ ഔട്ടായി. അടുത്ത ആഴ്ച ടി20 പരമ്പര കളിക്കാനായി ഇന്ത്യയിലെത്തുന്ന അഫ്ഗാനിസസ്ഥാനെ ഞെട്ടിച്ചാണ് യുഎഇ അട്ടിമറി വിജയം നേടിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ യുഎഇ അഫ്ഗാന് ഒപ്പമെത്തി(1-1), പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.
ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ കളിക്കാതിരുന്ന മത്സരത്തില്‍ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാനെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും(53), ആര്യന്‍ ലക്രയുടെയും(63) അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. യുഎഇ നിരയില്‍ പിന്നീട് താനിഷ് സുര്‍ഫിയും(11), അഖഫ് രാജയും(13) മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗില്‍ ഹസ്രത്തുള്ള സാസായിയും(36), റഹ്മാനുള്ള ഗുര്‍ബാസും(21) ചേര്‍ന്ന് അഫ്ഗാന് നല്ല തുടക്കമിട്ടു. എന്നാല്‍ ഇരുവരെയും അലി നസീര്‍ പുറത്താക്കിയതോടെ അഫ്ഗാന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ക്യാപ്റ്റന്‍ ഇബ്രാഹിം സര്‍ദ്രാനെയും(4) അലി നസീര്‍ തന്നെ വീഴ്ത്തി. നജീബുള്ള സര്‍ദ്രാനും(12) നിലയുറപ്പിക്കാതെ മടങ്ങി. മധ്യനിരയില്‍ മുഹമ്മദ് നബി(47) ഒറ്റക്ക് പൊരുതി. എന്നാല്‍ ദാര്‍വിഷ് റസൂലിയും(0), അസ്മത്തുള്ള ഒമര്‍സായിയും(1) പെട്ടെന്ന് മടങ്ങിയതോടെ 99-6 ലേക്ക് അഫ്ഗാന്‍ വീണു.
ക്വായിസ് അഹമ്മദും(18) നബിയും ചേര്‍ന്ന് വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ക്വായിസിനെ അലി നസീർ മടക്കിയതോടെ അഫ്ഗാന്‍ തോല്‍വി ഉറപ്പിച്ചു. 128-9ലേക്ക് വീണശേഷം മുഹമ്മദ് നബി തകര്‍പ്പനടികളോടെ ഒറ്റക്ക് പൊരുതി. എന്നാല്‍ അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നബി വീണതോടെ യുഎഇയുടെ ചരിത്രവിജയം പൂര്‍ത്തിയായി. യുഎഇക്കായി അലി നസീറും മുഹമ്മദ് ജവാദുള്ളയും നാല് വിക്കറ്റ് വീതം വീഴ്ത്തി.