കൊറോണ സുരക്ഷ മുൻനിർത്തി യാത്രക്കാരുടെ മുഴുവൻ രേഖകളും ഒറ്റക്ലിക്കിൽ ട്രാവൽപാസ് എന്ന ആപ്പിലൂടെ ലഭ്യമാക്കുന്ന രീതിയാണ് എമിറേറ്റ്സ് എയർലൈൻസ് പരീക്ഷിച്ചത്. വാക്സിനേഷൻ രേഖകൾ, കൊറോണ പരിശോധനാ വിവരങ്ങൾ, ടിക്കറ്റ്, പാസ്പോർട്ട് തുടങ്ങി യാത്രാനുബന്ധമായ എല്ലാ കാര്യങ്ങളും ഡിജിറ്റൽ സാങ്കേതികതയിലൂടെ വിമാന കമ്പനികളുമായി പങ്കുവയ്ക്കാൻ കഴിയുമെന്നതാണിതിന്റെ പ്രത്യേകത. യാത്രകൾക്ക് മുമ്പ് തന്നെ യാത്രക്കാരുടെ കൊറോണ പരിശോധനാ ഫലമടക്കമുളള വിശദവിവരങ്ങൾ വിമാന കമ്പനിക്ക് പരിശോധിച്ച് വിലയിരുത്താൻ കഴിയും.
കോവിഡ് കാലത്തെ യാത്രാ നടപടികൾ ലഘൂകരിക്കുന്നതിന് ഈ സംവിധാനം ഏറെ ഗുണം ചെയ്യും. ഡിജിറ്റൽ സാങ്കേതികതയിലൂടെ സുരക്ഷിത യാത്രയുറപ്പാക്കാൻ ട്രാവൽപാസിന് സാധിക്കുന്നതായി എമിറേറ്റ്സ് സി.ഒ.ഒ ആദെൽ അൽ റെദ്ദ അറിയിച്ചു. നിലവിൽ ദുബായിൽ നിന്ന് ബാഴ്സിലോണയിലേക്കും ലണ്ടൻ ഹീത്രുവിൽ നിന്ന് ദുബായിലേക്കുമുള്ള എമിറേറ്റ്സ് യാത്രക്കാർക്കാണ് ട്രാവൽപാസ് ഉപയോഗിക്കാനുള്ള അവസരമൊരുക്കിയിട്ടുള്ളത്. ഉടൻ തന്നെ മറ്റിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സേവനം ലഭ്യമാക്കും. അബുദാബിയുടെ ഇത്തിഹാദ് എയർവേസും സൗദി അറേബ്യയുടെ സൗദിയ എയർലൈൻസും അയാട്ടയുമായി ചേർന്ന് ട്രാവൽപാസ് രീതി നടപ്പാക്കും.