യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രവിലക്ക് ആഗസ്ത് രണ്ടു വരെ നീട്ടി

അബുദാബി: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രവിലക്ക് ആഗസ്ത് രണ്ടു വരെ നീട്ടി. ഇത്തിഹാദ് എയര്‍ലൈന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചതായും വിമാനക്കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ സംബന്ധിച്ച് യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തിഹാദ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങള്‍ അറിയിച്ചത്.

ആഗസ്റ്റ് രണ്ടാം തീയ്യതി വരെ സര്‍വീസുകള്‍ ഉണ്ടാവില്ലെന്നതിന് പുറമെ വിമാന വിലക്ക് ദീര്‍ഘിപ്പിച്ചേക്കാമെന്ന സംശയവും അറിയിപ്പില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അധികൃതരാണ് കൈക്കൊള്ളേണ്ടതെന്നും പുതിയ വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നേരത്തെ ജൂലൈ അവസാനം വരെ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന അറിയിപ്പ് വന്നപ്പോള്‍ പുതിയ സാഹചര്യത്തില്‍ ഓഗസ്റ്റ് മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതാണ് ഇപ്പോള്‍ പുതിയ അറിയിപ്പോടെ വീണ്ടും നീളുമെന്ന് ഉറപ്പായത്.

Top