ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം

ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ
എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം.ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ട്രാന്‍സ്ഫര്‍ അടക്കമുള്ള ഇടപാടുകള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളാണ് സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യയിലുള്ള ബി.ആര്‍ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി.

Top