അബുദാബി: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് യു എ ഇ അഭയം നല്‍കി. അഷ്‌റഫ് ഗനിക്ക് അഭയം നല്‍കിയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അഷ്റഫ് ഗനിയുടെ കുടുംബാംഗങ്ങളും യു എ ഇ യില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് അഷ്റഫ് ഗനിയെ സ്വാഗതം ചെയ്തതെന്ന് യു എ ഇ വ്യക്തമാക്കി.
അഷ്റഫ് ഗനി കാബൂളില്‍ നിന്ന് താജിക്കിസ്താന്‍,ഒമാന്‍ എന്നിവിടങ്ങളിലേക്ക് പോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് അഷ്റഫ് ഗനിയും കുടുംബവും യു എ ഇ യില്‍ ഉണ്ടെന്നും അവര്‍ക്ക് അഭയം നല്‍കിയതായും വാര്‍ത്താകുറിപ്പിലൂടെ ഔദ്യോഗീകമായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം രാജ്യം വിട്ടതിന് പിന്നാലെ വിശദീകരണവുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്ത് വന്നിരുന്നു. അഫ്ഗാനിസ്താന്‍ വിട്ടത് രക്തചൊരിച്ചില്‍ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു .