യാത്ര വിലക്ക് നീക്കി യുഎഇ; വാക്‌സിനെടുത്തവര്‍ക്ക് ഞായറാഴ്ച മുതല്‍ പ്രവേശനാനുമതി

ദുബൈ: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ യുഎഇയിലക്ക് പ്രവേശിക്കാം. നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വാക്‌സിന്‍ സ്വീകരിച്ച് യുഎഇയിലേക്ക് പോകാം. സെപ്റ്റംബര്‍ 12 മുതലാണ് പ്രവേശനാനുമതി.

ഇന്ത്യക്കു പുറമേ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കും.

യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ഐ.സി.എ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ വിവരങ്ങള്‍ നല്‍കിയാല്‍ യാത്രാ അനുമതി ലഭിക്കും. യാത്രാ പുറപ്പെടുന്നതിന് മുമ്പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. ഇതിന് പുറമെ 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഹാജരാക്കണം. അംഗീകൃത ലാബുകളില്‍ നിന്നുള്ള, ക്യൂ.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്.

വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുകയും യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന ആവര്‍ത്തിക്കുകയും വേണം. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

Top