യുഎഇ ദേശീയ ദിനാഘോഷം; കർശന മാർഗനിർദ്ദേശങ്ങളുമായി അബുദാബി പൊലീസ്

അബുദാബി : യുഎഇ ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് അബുദാബി പൊലീസ്. കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവുകളൊന്നും രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ആളുകൾ കൂട്ടം ചേരുന്നതും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് ദുബായ് പൊലീസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 2000 ദിര്‍ഹം പിഴ ഈടാക്കുന്നതിനൊപ്പം 12 ബ്ലാക് പോയിന്റുകള്‍ നല്‍കുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

വാഹനങ്ങളില്‍ ഒരു സമയം മൂന്ന് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. എല്ലാവരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ച് വാഹനങ്ങള്‍ക്ക് അകത്ത് തന്നെയിരിക്കണം. റൂഫ് ടോപ്പുകളിലോ വിന്‍ഡോകളിലോ ഇരുന്നോ നിന്നോ യാത്ര ചെയ്യാന്‍ പാടില്ല. ഡ്രൈവറും യാത്രക്കാരും മാസ്‍ക് ധരിച്ചിരിക്കണം. വാഹനങ്ങളുടെ നിറം മാറ്റാനോ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാനോ പാടില്ല. പൊതു സ്ഥലങ്ങളില്‍ സ്‍പ്രേ പെയിന്റ് കാനുകളോ സ്‍നോ ഫോം പോലുള്ളവയോ ഉപയോഗിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

നിയമവിരുദ്ധമായി എവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസമുണ്ടാക്കരുത്. അശ്രദ്ധമായോ മത്സരിച്ചോ വാഹനമോടിക്കരുത്. കാറിന്റെ ഗ്ലാസോ നമ്പര്‍ പ്ലേറ്റുകളോ മറയുന്ന തരത്തില്‍ കൊടികളോ മറ്റ് അലങ്കാരങ്ങളോ പാടില്ലെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Top