ദുബായ് : ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധാന്തരീക്ഷം. യുഎഇയില്‍ നിന്നുള്ള വിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതാണ് പുതിയ പ്രകോപനത്തിന് കാരണം. ഖത്തറിന് സൗദിയും യുഎഇ ഭരണകൂടവും ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷമുണ്ടാകുന്ന കടുത്ത പ്രകോപനമാണ് ഇപ്പോള്‍ ഖത്തറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് വിവരം പുറം ലോകത്തെ അറിയിച്ചത്.
ബഹ്‌റിന്‍-മനാമ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തറിന്റെ നടപടിയെന്ന് ജിസിഎഎ അറിയിച്ചു. വ്യോമഗതാഗതം സംബന്ധിച്ച എല്ലാ രാജ്യാന്തര വ്യവസ്ഥകളും തങ്ങള്‍ പാലിച്ചിരുന്നെന്നും യുഎഇ പറഞ്ഞു.
അതേസമയം, യുഎഇയുടെ അവകാശവാദം തെറ്റാണെന്നും തങ്ങള്‍ വിമാനം തടഞ്ഞിട്ടില്ലെന്നും ഖത്തര്‍ അറിയിച്ചു.
പ്രധാനമായും എമിറേറ്റസ്, ഇത്തിഹാദ്, ഫ്‌ളഡ് ദബീല്‍, എയര്‍ അറേബ്യ എന്നീ നാലു വിമാനങ്ങളാണ് ബഹറിനേക്ക് സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ജൂണിലാണ് ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഖത്തറിന്റെ വളര്‍ച്ചയിലുള്ള അസൂയയാണ് ഉപരോധത്തിന് പിന്നിലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉപരോധത്തിന് മുന്നില്‍ മുട്ട് മടക്കാതെ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകുന്ന ഖത്തറിന് ഇറാന്‍, തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.
മാത്രമല്ല പെട്രോളിയം ഉല്‍പന്നങ്ങളുടെ വിളനിലമായ ഖത്തറിനെ കൈവിടാന്‍ ഇന്ത്യ, റഷ്യ, ബ്രിട്ടണ്‍, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ലോക ശക്തികള്‍ തയ്യാറുമല്ല.