കോവിഡ്: പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: യുഎഇ

യു.എ.ഇ: കോവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. നിയമ ലംഘകരെ നാട് കടത്തുമെന്ന് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ കൈകൊള്ളുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ചിലര്‍ വീട്ടിലിരിക്കാതെ തുടര്‍ച്ചയായി പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഈ തീരുമാനം. മറ്റുള്ളവരുടെ സുരക്ഷ കൂടി അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാകുമെന്നും നാടുകടത്തല്‍ ഉള്‍പെടെയുളള നിയമ നടപടി നേരിടേണ്ടി വരുമെന്നും ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വീട്ടിലിരിക്കണമെന്ന് പറയുന്നത് പലരും ഇപ്പോഴും തമാശയായി കാണുകയാണ്. പുറത്തിറങ്ങാനുള്ള അനുമതി ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. മരുന്ന് വാങ്ങാന്‍ അപേക്ഷ നല്‍കിയിട്ട് കൂട്ടുകാരെയും കുടുംബക്കാരെയും കാണാന്‍ പോകുന്നവരുണ്ട്.

പെര്‍മിറ്റ് അനുവദിക്കുന്ന വ്യക്തി ഈ സമയത്ത് എന്ത് ചെയ്യുന്നു എന്ന് പൊലീസിന് വ്യക്തമായി അറിയാന്‍ കഴിയും. അതുകൊണ്ട് അടിയന്തര കാര്യങ്ങള്‍ക്ക് മാത്രമേ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ പാടുള്ളൂ.

സമൂഹ മാധ്യമങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുന്നവര്‍ക്കെതിരെയും ശിക്ഷ കടുപ്പിച്ചിട്ടുണ്ട്. അധികാരികളെ കളിയാക്കികൊണ്ടുള്ള വീഡിയോയോ പ്രചരിപ്പിക്കുകയല്ല മറിച്ച് ഈ സമയം ക്രിയാത്മകമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും ദുബായ് പൊലീസ് അറിയിച്ചു.

പലയിടങ്ങളിലും ഫ്‌ളാറ്റുകളുടെയും മറ്റും മുകളില്‍ കൂട്ടം കൂടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top