യു എ ഇയില്‍ കൊവിഡ് 19 ബാധിച്ചത് 21 പേര്‍ക്ക്

ദുബായ്: യു.എ.ഇ.യില്‍ കൊവിഡ് 19(കൊറോണ വൈറസ്) ബാധിച്ചവരുടെ എണ്ണം 21 ആയി. യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. രോഗം ബാധിച്ചവരില്‍ അഞ്ചുപേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചു. അന്താരാഷ്ട്ര സൈക്ലിങ് മത്സരമായ യു.എ.ഇ ടൂറിലെ കായികതാരങ്ങള്‍ക്ക് രോഗം ബാധിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണ്. കായികതാരങ്ങളില്‍ രോഗം പിടിപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യു.എ.ഇ ടൂറിന്റെ സാങ്കേതിക വിദഗ്ദരില്‍ രണ്ടുപേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചു. യു.എ.ഇ ടൂറില്‍ 131 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അവരാരും രോഗം ബാധിച്ച സാങ്കേതിക വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. എങ്കിലും സുരക്ഷ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളും നിരീക്ഷണത്തിലാണ്.

മാത്രമല്ല, സാങ്കേതിക വിദഗ്ധര്‍ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവരുമല്ല. സൈക്ലിങ് പര്യടനത്തില്‍ പങ്കെടുത്ത 612 പേരും ഹോട്ടലുകളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇവരില്‍ പരിശോധന കഴിഞ്ഞ 450 പേരും രോഗബാധിതരല്ല. ബാക്കി 162 പേരുടെ ഫലങ്ങള്‍ ഉടന്‍ പുറത്തുവരും. ഇവരെല്ലാം 14 ദിവസത്തെ നിരീക്ഷണത്തിലാണ്. ഇറാനിലുള്ള യു.എ.ഇ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ഖേഷ്മിലും ടെഹ്‌റാനിലുമായി രണ്ട് വിമാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അവരെല്ലാം നിലവില്‍ സുരക്ഷിതരാണെന്നും മന്ത്രി പറഞ്ഞു.

Top