യു.എ.പി.എ അറസ്റ്റ്: ജാമ്യാപേക്ഷ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍, കോടതി നാളെ വിധി പറയും

കോഴിക്കോട്: യു.എ.പി.എ അറസ്റ്റില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ പ്രോസിക്യൂഷന്‍ അനുകൂലിച്ചു. എന്നാല്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല.

ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. അഡ്വ. എം.കെ. ദിനേശനാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്. നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് നിരോധിത സംഘടനകളുമായി ഒരു ബന്ധവുമില്ല. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമായതാണ്. പൊലീസ് പിടിച്ചെടുത്ത ഒ.അബ്ദുറഹ്മാന്റെ പുസ്തകം മാവോവാദത്തെ എതിര്‍ക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചു. പുതിയ ഒരു തെളിവും പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കിയില്ലെന്ന് പ്രതിഭാഗം വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതേതുടര്‍ന്ന് ഇരുവിഭാഗം അഭിഭാഷകരുടെ സമ്മതോടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റുകയായിരുന്നു. കൂടാതെ, വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പ്രത്യേക കോടതിക്ക് നീക്കം ചെയ്യാമെന്ന വാദവും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു. ഇക്കാര്യത്തിലും പൊലീസിനോട് വിവരം തേടിയ ശേഷം വിശദീകരണം നല്‍കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Top