കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കും. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം എപ്പോഴാണെന്ന് അറിവായിട്ടില്ല.
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ തെറ്റുകാരാണെന്ന നിഗമനത്തിലാണ് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രതിസ്ഥാനത്തുള്ള രണ്ടു പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു നല്‍കിയിട്ടുണ്ട്.
അതിനിടെ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. നാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ ഡോക്യുമെന്റുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹര്‍ജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും.