uapa case droped dgp report

dgp

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്.

2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത 162 കേസുകളില്‍ ഡിജിപി അധ്യക്ഷനായ സമിതി നടത്തിയ പരിശോധനയിലാണ് 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയത്.

നാല്‍പ്പത്തിരണ്ടുകേസുകളിലും യുഎപിഎ പ്രകാരമുള്ള കുറ്റം ഒഴിവാക്കാന്‍ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും.

ഇതില്‍ എഴുത്തുകാരനായ കമല്‍ സി ചാവറയ്‌ക്കെതിരെ ചുമത്തിയ യുഎപിഎ, രാജ്യദ്രോഹ കേസുകള്‍ നിലനില്‍ക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റ് 41 കേസുകളുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതികള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാനുളള അവസരവും നല്‍കുമെന്നും നേരത്തെ ഡിജിപി പറഞ്ഞിരുന്നു.

പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളാണ് പുനഃപരിശോധിച്ചവയില്‍ അധികവും. ഇതില്‍ തന്നെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തിയതും, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുളള പോസ്റ്ററുകള്‍ പതിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുമുണ്ട്.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായിരുന്നു. യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ മറുപടിയും.

പിന്നാലെ യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കണമെന്നും പൊലീസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപിയും പൊലീസ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം കേസുകള്‍ പുനഃപരിശോധിക്കാന്‍ ഡിജിപിയെ നിയോഗിച്ചത്.

Top