യുഎപിഎ കേസില്‍ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിയ്ക്കും ഒരേ നിലപാട്; മോഹനന്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. വിഷയത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഒരേ നിലപാടാണെന്നും മോഹനന്‍ പറഞ്ഞു.

അലന്‍ താഹ വിഷയത്തില്‍, കേസ് പരിശോധനാ സമിതിക്ക് മുന്നില്‍ എത്തുമ്പോള്‍ ഒഴിവാക്കപ്പെടുമെന്ന് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് എന്‍ഐഎ ഏറ്റെടുത്തത് ബിജെപിയുടെ സമ്മര്‍ദ്ദം മൂലമാണെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി.

അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലന്നും ഇവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും, മുഖ്യമന്ത്രിയുടേത് പൊലീസ് ഭാഷ്യമെന്നുമാണ് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹനന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ പരസ്യമായി തള്ളിയ ഈ നിലപാടാണ് മോഹനന്‍ ഇപ്പോള്‍ തിരുത്തി രംഗത്ത് വന്നിരിക്കുന്നത്.

അറസ്റ്റിലായ അലനും താഹയും എസ്എഫ്‌ഐ സംഘടനാ സംവിധാനം ഉള്‍പ്പടെ മാവോയിസ്റ്റ് ആശയ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന പി.ജയരാജന്റെ വാദവും മോഹനന്‍ തള്ളിയിരുന്നു. പി.ജയരാജന്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. ജയരാജനോട് ചോദിച്ചിട്ട് ഇക്കാര്യത്തില്‍ പ്രതികരിക്കാം. കുട്ടികളെ അറസ്റ്റ് ചെയ്തതിലുള്ള രക്ഷിതാക്കളുടെ പരാതി ഗൗരവമായി കാണുന്നുവെന്നും മോഹനന്‍ പറഞ്ഞു.

Top