പന്തിരാങ്കാവ് യു.എ.പി.എ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട് : പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ കോടതിയില്‍ എതിർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശങ്ങമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ എം കെ ജയകുമാറിന്‍റെ മറുപടി. അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.

ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്. എന്നാൽ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.

Top