ഇത് ഭരണകൂട ഭീകരത, ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്ന് അറസ്റ്റിലായ പ്രതികള്‍

കോഴിക്കോട്: ഭരണകൂട ഭീകരതയാണു തങ്ങളോടു കാണിക്കുന്നതെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്നും കോഴിക്കോട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍.

തങ്ങളുടെ കൈയില്‍നിന്നു ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ല. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍ വച്ചു തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്നും അലന്‍ ഷുഹൈബ് അറിയിച്ചു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, ജേണലിസം വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെയാണു ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ലഘുലേഖകള്‍ വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്ഐ അംഗമാണ്. താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവും.

അതേസമയം മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പോലീസ്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യുഎപിഎ പിന്‍വലിക്കേണ്ടതില്ലെന്നും ഐജി വ്യക്തമാക്കി. നിലവില്‍ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റുകളുമായി പിടിയിലായവര്‍ക്ക് എത്രമാത്രം അടുപ്പമുണ്ടെന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി വ്യക്തമാക്കി.

Top