കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യ ഹർജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇന്ന് തന്നെ ഹർജി ഹൈക്കോടതി പരിഗണിക്കും. പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയാണ് കീഴ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം കേസ് കെട്ടിചമച്ചതാണന്നാണ് ഹർജിക്കാരുടെ വാദം.
എന്നാല്‍ മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടിൽ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.
കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നൽകി. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് യുഎപിഎ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമം.