മുംബൈ: വനിതാ യാത്രികയ്ക്കു മുമ്പില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തു. മുംബൈയിലെ തിരക്കേറിയ അന്ധേരി ഈസ്റ്റില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പുറത്താക്കിയതായി യൂബര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
യൂബറിന്റെ ടാക്സിയില്‍ സഞ്ചരിക്കവെ ട്രാഫിക് സിഗ്നലില്വച്ചാണ് യുവതി അപമാനിക്കപ്പെട്ടത്. വാഹനം സിഗ്നലില്‍ നിര്‍ത്തിയയുടന്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ കാണ്‍കെയായിരുന്നു ഡ്രൈവറുടെ ഈ പ്രവര്‍ത്തി.
ഉടന്‍തന്നെ യുവതി വാഹനത്തില്‍ നിന്നിറങ്ങി വാഹനത്തിന്റെ മീറ്റര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇയാളും എന്താണ് സംഭവിച്ചതെന്നു ചോദിച്ചുകൊണ്ട് വാഹനത്തില്‍ നിന്നിറങ്ങി. ഉടന്‍ യുവതി ഡ്രൈവറുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ യുവതിയെ അസഭ്യം പറഞ്ഞു.
ഡ്രൈവര്‍ അക്രമാസക്തനായതോടെ മീറ്ററില്‍ കാണിച്ചതില്‍ കൂടുതല്‍ പണം നല്കി താന്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി അന്ധേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ ഡ്രൈവറെ ജോലിയില്‍നിന്നു പുറത്താക്കിയതായി യൂബര്‍ അറിയിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.