Uber Expects to Turn a Profit in India Soon

ക്തമായ മത്സരത്തിനിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനം വൈകാതെ ലാഭത്തിലെത്തുമെന്നു സാന്‍ഫ്രാന്‍സിസ്‌കൊ ആസ്ഥാനമായ റൈഡ് ഹെയ്‌ലിങ് കമ്പനിയായ യൂബര്‍ ടെക്‌നോളജീസ്. പ്രാദേശിക കമ്പനിയായ ഓലയുടെ സാന്നിധ്യം ശക്തമായതിനാല്‍ ലോകത്ത് തന്നെ അതിവേഗ വളര്‍ച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യന്‍ ടാക്‌സി വിപണിയില്‍ കനത്ത വെല്ലുവിളിയാണ് യൂബര്‍ നേരിടുന്നത്.

കനത്ത മത്സരത്തെ തുടര്‍ന്നു ചൈനയില്‍ എതിരാളികളായ ഡിഡി ചക്‌സിങ്ങിനു ബിസിനസ് വിറ്റു യൂബര്‍ പിന്‍മാറിയിരുന്നു. യൂബര്‍ പ്രവര്‍ത്തനം ലാഭത്തിലേക്കുള്ള പാതയിലാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ട്രവൈസ് കലാനിക് വെളിപ്പെടുത്തി.

നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്തിനെ സന്ദര്‍ശിച്ച ശേഷം ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ യൂബര്‍ നിലവില്‍ രാജ്യത്തെ 29 നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം ലഭ്യമാക്കുന്നുണ്ട്. അതേസമയം സോഫ്റ്റ്ബാങ്കിന്റെ പിന്‍ബലമുള്ള ഓലയ്ക്ക് രാജ്യത്തെ 102 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ 100 കോടി ഡോളര്‍ നിക്ഷേപം നടത്തിയതായും യൂബര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ചൈനയിലെ ബിസിനസ് ഡിഡിക്കു വിറ്റതു യൂബറിന്റെ ധനലഭ്യത കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനിക്കു കഴിയും. എതിരാളികളായ ഓലയാവട്ടെ വിവിധ വാഹന നിര്‍മാതാക്കളുമായി ധാരണയിലെത്തുന്നതിനൊപ്പം കാറുകളില്‍ പുത്തന്‍ എന്റര്‍ടെയന്‍മെന്റ് പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിട്ടുണ്ട്. സ്വയം പ്രാദേശിക കമ്പനിയായി മാറി മാത്രമേ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയൂ എന്നു കലാനിക് അഭിപ്രായപ്പെട്ടു. തുടക്കം മുതല്‍ തന്നെ പ്രാദേശിക അഭിരുചികള്‍ തിരിച്ചറിഞ്ഞാണു കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമൊക്കെ ഇതേ നിലപാടാണു യൂബര്‍ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top