uber introducing uberclub partners rewards

uber

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ടാക്‌സി അഗ്രിഗേറ്റര്‍മാരായ യൂബര്‍, പങ്കാളികളായ ഡ്രൈവര്‍മാര്‍ക്കുള്ള റിവാര്‍ഡ്‌സ് പദ്ധതിയായ ‘യൂബര്‍ ക്ലബ്’ ഇന്ത്യയിലും അവതരിപ്പിച്ചു.

തുടക്കത്തില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരബാദ്, പുണെ, അഹമ്മദബാദ്, ചെന്നൈ, കോയമ്പത്തൂര്‍ നഗരങ്ങള്‍ക്കൊപ്പം കൊച്ചിയിലും ‘യൂബര്‍ ക്ലബ്’ നിലവില്‍വരും.

പങ്കാളികളായ ഡ്രൈവര്‍മാര്‍ കാഴ്ചവയ്ക്കുന്ന മികച്ച ഉപഭോക്തൃ സേവനത്തിനുള്ള അംഗീകാരമാണ് ‘യൂബര്‍ ക്ലബ്’ വഴി കമ്പനി കൈമാറുന്നത്.

പദ്ധതി പ്രകാരം യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ്, വാഹന അറ്റകുറ്റപ്പണി, ലൈഫ് സ്‌റ്റൈല്‍, ഹെല്‍ത്ത്, വെല്‍നെസ് മേഖലകളില്‍ ആകര്‍ഷക നിരക്കിളവും ആനുകൂല്യങ്ങളും നേടാന്‍ അവസരമുണ്ട്.

പ്രകടനവും സേവനത്തിന്റെ ഗുണനിലവാരവും അടിസ്ഥാനമാക്കി ഡ്രൈവര്‍മാരെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് വിഭാഗങ്ങളായി തരംതിരിച്ചാണു ‘യൂബര്‍ ക്ലബി’ന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക.

പങ്കാളികളായ ഡ്രൈവര്‍മാരുടെ ജീവിതം ആയാസരഹിതമാക്കാനും അവരെ വിജയികളാക്കാനും ബിസിനസ് ലാഭകരമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു യൂബര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ (സൗത്ത് ആന്‍ഡ് വെസ്റ്റ്) ഭാവിക് റാത്തോഡ് അറിയിച്ചു.

യൂബറുമായുള്ള പങ്കാളിത്തം കൂടുതല്‍ ആകര്‍ഷകവും ഡ്രൈവര്‍മാര്‍ക്കു പ്രയോജനപ്രദവുമാകാന്‍ ‘യൂബര്‍ ക്ലബ്’ അവതരണം സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു..

Top