പുതുക്കാട്: തൃശ്ശൂരിലെ ആമ്പല്ലൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന രണ്ടാം പ്രതിയ്ക്കായി തെരച്ചില്‍ തുടരുകയാണ്.
ആലുവ സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. കാര്‍ തട്ടിയെടുത്ത ശേഷം പൊളിച്ചുവില്‍ക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.ഊബര്‍ ടാക്‌സി ആപ്പിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
സൈബര്‍ സെല്ലിന്റെയും ചാലക്കുടി ഡിവൈഎസ്പിയുടേയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനില്‍നിന്ന് കാര്‍ പുതുക്കാട് എത്തിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ കാര്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
പുതുക്കാട്ടേക്കായിരുന്ന ഓട്ടത്തിനിടയില്‍ കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ അക്രമി സംഘം രാജേഷിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു.
രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ ഹൈവേ പോലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.കാറുമായി കടന്നുകളഞ്ഞ സംഘത്തെ പോലീസ് സംഘം പിന്തുടര്‍ന്നെങ്കിലും കാലടിയില്‍വെച്ച് ഇവര്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.