ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് ; അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നും രണ്ടും പ്രതികളാണ് ഇവര്‍.

മൂന്നാം പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു. ശിക്ഷാ പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. അജിത് കുമാര്‍, ഇ.കെ.സാബു, ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.

സംഭവം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത് . മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തിന് ശേഷം ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു സിബിഐ കേസ്.

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് കുപ്രസിദ്ധമായ ഉരുട്ടികൊലനടന്നത് .മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ,അജിത്കുമാര്‍, സിഐ സാബു ,ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷ്ണമുതലായ 4220രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Top