ഉദയംപേരൂർ വിദ്യാ കൊലക്കേസിൽ ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ്

കൊച്ചി : ഉദയംപേരൂര്‍ വിദ്യാ കൊലക്കേസില്‍ ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ്. മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചയാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. തമിഴ്നാട്ടില്‍ മറവ് ചെയ്ത വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനും ഡിഎന്‍എ പരിശോനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിരുന്നു.

ഇതിനിടെ കേസിലെ പ്രതികളായ പ്രേംകുമാറിനേയും സുനിത ബേബിയേയും തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി പ്രേംകുമാറും കൊല്ലപ്പെട്ട വിദ്യയും ഒരുമിച്ച് താമസിച്ചിരുന്ന ഉദയംപേരൂര്‍ ആമേട ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. വിദ്യ ഉള്ളപ്പോഴും സുനിത വീട്ടില്‍ വന്നിട്ടുള്ളതായി പ്രേംകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സുനിത ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു പ്രതികളെയും ആമേടയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്.

കൂടാതെ പ്രേംകുമാറും വിദ്യയും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിന് ശേഷം കൊല നടത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ തൃപ്പൂണിത്തുറ മേക്കരയിലെ കടയിലും മദ്യം വാങ്ങിയ ചൂരക്കാടുള്ള ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

Top