ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം; പ്രതിപക്ഷ നേതാക്കള്‍ മിണ്ടുന്നില്ലെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാക്കള്‍ മിണ്ടുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഡിഎംകെ സനാതന ധര്‍മ വിശ്വാസികളെ അവഹേളിച്ചെന്നും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്‌നാഥ് സിംഗ് രാജസ്ഥാനില്‍ പറഞ്ഞു.

ഉദയ നിധി സ്റ്റാലിന്റെ സനാതന ധര്‍മ വിരുദ്ധ പരാമര്‍ശം ‘ഇന്ത്യ’ സഖ്യത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവര്‍ക്കെന്ന ചോദ്യമാണ് ബിജെപിയുടെ നേതാക്കള്‍ ‘ഇന്ത്യ’ സഖ്യത്തിലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളോട് ഉന്നയിക്കുന്നത്.

വിവാദം കനത്തതോടെ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. സര്‍വ ധര്‍മ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കും അവരുടെ നിലപാട് പറയാന്‍ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉദയനിധിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്. സംസ്ഥാന വ്യാപകമായി കേസ് കൊടുക്കുമെന്ന് തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി വ്യക്തമാക്കി. വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

Top