മുബൈ: ചലോ അയോദ്ധ്യ, ചലോ വാരാണാസി റാലിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.
പാര്‍ട്ടിയുടെ പദ്ധതിയായ ചലോ അയോദ്ധ്യ, ചലോ വാരാണാസി മുദ്രാവാക്യം ഉയര്‍ത്തുന്ന പോസ്റ്ററുകളും മുംബൈയില്‍ ഉയര്‍ന്നു കഴിഞ്ഞു. വര്‍ണ്ണാഭമായ പോസ്റ്ററുകളിലും ബാനറുകളിലും വില്ലുകുലച്ചു നില്‍ക്കുന്ന ശ്രീരാമന്റെയും ഗംഗാ തീരത്തിന്റെയും ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്.
താക്കറെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ചുവട് വെയ്പ്പാണെന്നാണ് താക്കറയോട് അടുത്ത് നില്‍ക്കുന്ന രാഷ്ട്രിയ വൃത്തങ്ങള്‍ പറയുന്നത്. ബുധനാഴ്ച്ച ഉദ്ധവ് താക്കറെ അയോദ്ധ്യയും, വാരണസിയും സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാരണാസി കാശി എന്നിവ സന്ദര്‍ശിക്കുമെന്നും ശേഷം ഗംഗാനദി ഇപ്പോള്‍ എത്രത്തോളം വൃത്തിയുള്ളതാണെന്ന് പരിശോധിക്കുമെന്നും താക്കറെ പറയുന്നു. രാമക്ഷേത്ര വിഷയം ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി പറയുന്നുണ്ട് എന്നാല്‍ എപ്പോള്‍ എന്നത് ആര്‍ക്കും അറിയില്ലെന്നും 2019 ല്‍ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുക രാമക്ഷേത്ര നിര്‍മ്മാണമായിരിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.