മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയും, ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യവും നാളെ സുപ്രധാനമായ വിശ്വാസവോട്ട് തേടുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്നാണ് സൂചന. വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ അരങ്ങേറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പുതിയ മഹാ വികാസ് അഗഡി ഗവണ്‍മെന്റ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിശ്വാസ വോട്ട് തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച തന്നെ ഉദ്ധവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചാര്‍ജ്ജ് ഏറ്റെടുത്തു. സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി പ്രതിഷ്ഠിച്ച് പോയ പ്രോടേം സ്പീക്കറെ മാറ്റാനുള്ള ശ്രമങ്ങളിലാണ് പുതിയ സര്‍ക്കാര്‍.
ഡിസംബര്‍ 3നകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ബിഎസ് കോഷിയാരി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 162 എംഎല്‍എമാരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യം അവകാശപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുംബൈ ശിവാജി പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങിലാണ് ശിവസേന പ്രസിഡന്റ് കൂടിയായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വൈകുന്നേരത്തോടെ ആദ്യത്തെ ക്യാബിനറ്റ് യോഗവും ചേര്‍ന്നു. ഉദ്ധവിന് പുറമെ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ കക്ഷികളുടെ രണ്ട് എംഎല്‍എമാര്‍ വീതമാണ് അധികാരമേറ്റത്. ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ചേര്‍ന്ന് അപ്രതീക്ഷിത സഖ്യം സൃഷ്ടിച്ച എന്‍സിപി നേതാവ് അജിത് പവാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയതോടെയാണ് പുതിയ സര്‍ക്കാര്‍ രൂപീകൃതമായത്.