ഉദ്ധവ് താക്കറെക്ക് തിരിച്ചടി; 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ശിവസേനയില്‍ ചേർന്നു

ലാതൂര്‍: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പാര്‍ട്ടി വിടല്‍. ലാതൂരില്‍ നിന്നുള്ള 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ചേക്കേറി. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഷിന്‍ഡെയുള്ള സാന്നിധ്യത്തിലാണ് നേതാക്കളുടെ ശിവസേന പ്രവേശനം.

ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ബാലാജി അഡ്‌സുല്‍, ജില്ലാ പഞ്ചായത്ത് അംഗം രാജ്കുമാര്‍ കലാം, മുന്‍ കോര്‍പ്പറേറ്റര്‍ ഉള്‍പ്പെടെയാണ് ബിജെപി വിട്ടത്. ഇതേ ആഴ്ച്ചയില്‍ തന്നെ താക്കറെ ക്യാമ്പില്‍ നിന്നുള്ള എംപി ഗജാനന്‍ കിര്‍തികാര്‍ ഷിന്‍ഡെയുടെ ബാലാസേഹേബാന്‍ചി ശിവസേനയില്‍ ചേര്‍ന്നിരുന്നു. ബിജെപിക്കൊപ്പം നിന്ന് കോണ്‍ഗ്രസിനെതിരെ പോരാടിയിരുന്നവരാണ് തങ്ങളെന്നും എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ സ്ഥിതി മാറിയെന്നും പാര്‍ട്ടി വിട്ടെത്തിയ നേതാക്കള്‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ബിജെപിയുടെ സഹായത്തോടെ വിമത നീക്കം നടത്തി ശിവസേന ഷിന്‍ഡെ പിളര്‍ത്തിയത്. പിന്നീട് യഥാര്‍ത്ഥ ശിവസേന തന്റെ നേതൃത്വത്തിലുള്ള വിഭാഗമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെയും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഏക്‌നാഥ് ഷിന്‍ഡെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്.

 

Top