ശിവസേനയുടെ ആക്രമണം തടയുവാൻ അജിത് പവാറോ ബി.ജെ.പിയുടെ ‘പരിച’

ഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരില്‍ പുതിയ ഒരു അധികാര കേന്ദ്രം.ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയ അട്ടിമറി നടത്തിയ എന്‍.സി.പി നേതാവ് അജിത് പവാറാണ് വീണ്ടും കാവിപ്പടയ്ക്ക് പ്രതീക്ഷയേകുന്നത്.

ദേവേന്ദ്ര ഫട് നാവീസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, ഉദ്ധവ് താക്കറെ മന്ത്രിസഭയിലും ഇപ്പോള്‍ അതേ പദവിയില്‍ എത്തിയിരിക്കുകയാണ്.

അറുപതാം വയസ്സിലും രാഷ്ട്രീയ കരുനീക്കങ്ങളില്‍ വലിയ മിടുക്കാണ് അജിത് പവാര്‍ നിലവില്‍ കാണിച്ച് കൊണ്ടിരിക്കുന്നത്.

ബി.ജെ.പി പാളയത്തില്‍ നിന്നും തിരിച്ചെത്തിയ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയില്ലങ്കില്‍ പാര്‍ട്ടി തന്നെ പിളരുമെന്ന് ശരദ് പവാര്‍ ശരിക്കും ഭയന്നിരുന്നു.

എന്‍.സി.പിയില്‍ ശരദ് പവാറിന്റെ യഥാര്‍ത്ഥ പിന്‍ഗാമി താനാണ് എന്ന് കൂടിയാണ് അജിത് പവാര്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്.

മന്ത്രിസഭ നിലം പൊത്താതിരിക്കാന്‍ ഉദ്ധവ് താക്കറെക്ക് മുന്നിലും മറ്റു പോംവഴികളൊന്നും തന്നെയുണ്ടായിരുന്നില്ല. ഇത് മൂന്നാം തവണയാണ് ഉപ മുഖ്യമന്ത്രി പദത്തില്‍ അജിത്പവാര്‍ എത്തുന്നത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ഭരിച്ച 1999-2014 കാലയളവില്‍ അജിത് പവാര്‍ തന്നെ ആയിരുന്നു ഉപ മുഖ്യമന്ത്രി. ഫട് നാവീസ് മന്ത്രിസഭയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമായിരുന്നു ഉപ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം വഹിച്ചിരുന്നത്. ഭൂരിപക്ഷം കിട്ടില്ലെന്ന തിരിച്ചറിവില്‍ പിന്നീട് സ്വയം രാജിവെച്ച് പിന്മാറുകയായിരുന്നു.

മഹാസഖ്യ മന്ത്രിസഭയിലെ രണ്ടാമനായി അജിത്ത് പവാര്‍ ഇപ്പോള്‍ എത്തുന്നത് ബി.ജെ.പിക്കാണ് ഇനി ഗുണം ചെയ്യുക. ഫട് നാവീസ് മന്ത്രിസഭയില്‍ നിന്നുള്ള അജിത് പവാറിന്റെ രാജി പോലും ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഉപ മുഖ്യമന്ത്രിയായതും ബിജെപിയുടെ മനമറിഞ്ഞാണെന്നാണ് പറയപ്പെടുന്നത്.

ശിവസേനയുടെ പക പോക്കല്‍ രാഷ്ട്രീയത്തില്‍ നിന്നും അജിത് പവാറിന്റെ ‘പവറാകും’ ഇനി ബി.ജെ.പിക്ക് രക്ഷയാകാന്‍ പോകുന്നത്.

ദേവേന്ദ്ര ഫട് നാവീസ് മന്ത്രിസഭയില്‍ നിന്നും അജിത് പവാറിന് രാജിവച്ച് പോരേണ്ടി വന്നിരുന്നത് ശരദ് പവാര്‍ പിടിമുറുക്കിയത് കൊണ്ടുമാത്രമായിരുന്നു.

ബി.ജെ.പി നേതാക്കളുമായി വളരെ അടുത്ത സൗഹൃദമാണ് അജിത്ത് പവാറിനിപ്പോഴുമുള്ളത്. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കളെ ദ്രോഹിക്കുന്ന ഏര്‍പ്പാടിനെ അദ്ദേഹം എതിര്‍ക്കാന്‍ തന്നെയാണ് സാധ്യത.

ബി.ജെ.പിയുമായി വഴി പിരിഞ്ഞ ശിവസേന പ്രതികാര നടപടികളുമായാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശിവസേനയുടെ അടുപ്പക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് പ്രകോപനത്തിന് പ്രധാന കാരണം.

ശിവസേന ഭരിക്കുന്ന താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്നും മാറ്റിയാണ് ഇതിന് അവര്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവീസിന്റെ ഭാര്യ അമൃതയാണ്. ഈ ഒറ്റക്കാരണം കൊണ്ടാണ് അക്കൗണ്ട് മാറ്റിയതെന്നാണ് ആരോപണം. അമൃത ഫഡ് നാവീസ് തന്നെയാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആക്സിസ് ബാങ്കില്‍ നിന്ന് അക്കൗണ്ടുകള്‍ ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാനുള്ള തീരുമാനം തനിക്കും ഭര്‍ത്താവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡനാവിസിനും എതിരായ ശിവസേനയുടെ പ്രതികാര നടപടിയാണെന്നാണ് അമൃത പറയുന്നത്.

അമൃത ഫഡ് നാവീസും ശിവസേനയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്പോര് തുടരുന്നതിനിടെയായിരുന്നു അക്കൗണ്ടുകളും മാറ്റപ്പെട്ടിരുന്നത്.

ഫഡ് നാവീസ് സര്‍ക്കാരിന്റെ കാലത്ത് ആക്സിസ് ബാങ്കിലേക്ക് അക്കൗണ്ടുകള്‍ മാറ്റിയത് എന്തെങ്കിലും സ്ഥാപിത താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണോ എന്ന് അന്വേഷിക്കണമെന്ന് യുപിഎയും ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുകള്‍ നല്‍കിയ ശേഷം ആക്സിസ് ബാങ്ക് ബിജെപി പദ്ധതികള്‍ക്ക് എത്ര സിഎസ്ആര്‍ നല്‍കിയിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളും ചൂണ്ടികാണിക്കുന്നത്.

ഇതിനെതിരെ അമൃത ഫഡ് നാവീസ് ശിവസേനയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വിവേകപൂര്‍വം ചിന്തിക്കണമെന്നും അക്കൗണ്ടുകള്‍ മാറ്റാനുള്ള തീരുമാനം തന്നെയും ഫഡ്നാവീസിനെയും ലക്ഷ്യമിട്ടാണെന്നുമാണ് അവര്‍ തുറന്നടിച്ചിരിക്കുന്നത്.

‘ഇത് അഭിപ്രായം പ്രകടപ്പിക്കാനുള്ള അവകാശത്തിനെതിരാണ്. ഞാനും ദേവേന്ദ്രയും നിശബ്ദരായിരിക്കില്ല. സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനങ്ങള്‍ ജനങ്ങളെ മോശമായി ബാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും’ അമൃത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താനും ദേവേന്ദ്രയും നിശബ്ദരായിരിക്കില്ലന്ന അമൃതയുടെ മുന്നറിയിപ്പാണ് മറാത്ത രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കളെല്ലാം അമൃതയുടെ നിലപാടിനൊപ്പമാണ് ഉറച്ച് നില്‍ക്കുന്നത്.

ഇതിനിടെ, ശിവസേന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി കൂടുതല്‍ ശക്തമായി ശ്രമിക്കുമെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

അജിത് പവാറിനെ മുന്‍ നിര്‍ത്തി തന്നെ, സര്‍ക്കാറില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അധിക കാലം ശിവസേനയെ ഭരിക്കാന്‍ വിട്ടാല്‍ വലിയ വെല്ലുവിളിയാകുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

ആശയപരമായി പരസ്പരം ബന്ധമില്ലത്ത മുന്നണിയെ ശിവസേന നിലനിര്‍ത്തുന്നത് തന്നെ കണക്ക് തീര്‍ക്കുന്നതിന് വേണ്ടിയാണെന്നാണ് ആക്ഷേപം.

ഉടനെ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നിലവില്‍ ആഗ്രഹിക്കുന്നില്ല. മകന്‍ ആദിത്യ താക്കറയെ മന്ത്രിസഭയിലെടുക്കുക വഴി താന്‍ എന്തായാലും അടുത്ത ഊഴത്തിനില്ലന്നാണ് ഉദ്ധവ് വ്യക്തമാക്കിയിരിക്കുന്നത്.

ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കി ജനകീയ അടിത്തറ വിപുലീകരിക്കാനാണ് ശിവസേനയുടെ തിരക്കിട്ടശ്രമം. കര്‍ഷകരുടെ ഉള്‍പ്പെടെ കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.

സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ ഒറ്റക്ക് മത്സരിക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് ഈ നീക്കങ്ങളെല്ലാം. ബി.ജെ.പിക്കും പ്രതീക്ഷക്ക് ഒട്ടും കുറവില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ മഹാരാഷ്ട്ര തൂത്ത് വാരാം എന്നതാണ് ആ പാര്‍ട്ടിയുടെ അവകാശവാദം.

കോണ്‍ഗ്രസ്സ് – എന്‍.സി.പി – ശിവസേന പാര്‍ട്ടികള്‍ക്ക് എന്തായാലും സഖ്യമായി മത്സരിക്കാന്‍ കഴിയുകയില്ല. സീറ്റു വിഭജനത്തെ ചൊല്ലി തന്നെ ഈ മുന്നണി തല്ലി പിരിയുമെന്ന കാര്യവും ഉറപ്പാണ്.

ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ബി.ജെ.പി ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. ഒരു തട്ടിക്കൂട്ട് സര്‍ക്കാര്‍ എന്നതിലുപരി തിരഞ്ഞെടുപ്പാണ് ബി.ജെ.പി നേതൃത്വം ആത്യന്തികമായി ആഗ്രഹിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ നടപ്പാക്കുമോ എന്നതും ബി.ജെ.പിയിപ്പോള്‍ ഒറ്റുനോക്കുകയാണ്. നിയമം നടപ്പാക്കിയില്ലങ്കില്‍ ശിവസേനയില്‍ തന്നെ അത് പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് സംഘപരിവാറിന്റെ കണക്ക് കൂട്ടല്‍.

ഉപമുഖ്യമന്ത്രി അജിത് പവാറുമായി നിരന്തരം ബന്ധപ്പെടുന്ന ബി.ജെ.പി നേതൃത്വം വലിയ ആശങ്കയാണ് സര്‍ക്കാരിനെതിരെ നിലവില്‍ സൃഷ്ടിച്ചിരിക്കുന്നത്.

Political Reporter

Top