മഹാരാഷ്ട്ര മന്ത്രിസഭ വികസനത്തില്‍ താക്കറെ കുടുംബത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജനപ്രതിനിധിക്കും ഇടംലഭിച്ചത് ഒട്ടും അതിശയിപ്പിക്കുന്ന കാര്യമല്ല. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള നീക്കങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരാജയമായതോടെയാണ് പിതാവ് ത്രികക്ഷി സര്‍ക്കാരിന് നേതൃത്വം വഹിക്കാന്‍ മുന്നിട്ടിറങ്ങിയത്.
മന്ത്രിസഭാ വികസനത്തില്‍ ആദിത്യ താക്കറെയ്ക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായി പ്രവേശനം നല്‍കിയത് വെറുതെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായി ആദിത്യ താക്കറെയെ ഭാവിയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഭാവിയിലേക്ക് കൂടുതല്‍ പ്രാധാന്യമുള്ള ചുമതലകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള യുവനേതാവായി 29കാരനെ മാറ്റുകയാണ് ഉദ്ധവ് താക്കറെയുടെ നീക്കം.
മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ 36 മന്ത്രിമാരാണ് പുതുതായി അധികാരമേറ്റത്. ഇതില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 25 പേര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. മുംബൈ വര്‍ലിയില്‍ നിന്നുള്ള എംഎല്‍എയാണ് ആദിത്യ. താക്കറെ കുടുംബത്തില്‍ നിന്നും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആദ്യ അംഗമാണ് ആദിത്യ താക്കറെ. മുഖ്യമന്ത്രിയായ ആദ്യ താക്കറെ അദ്ദേഹത്തിന്റെ പിതാവ് ഉദ്ധവുമാണ്.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച് 32 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനം സാധ്യമായത്. എല്ലാ കക്ഷികളെയും തൃപ്തിപ്പെടുത്തി വികസനം സാധ്യമാക്കിയില്ലെങ്കില്‍ എംഎല്‍എമാര്‍ക്കിടയില്‍ വളരുന്ന അതൃപ്തി ബിജെപി പ്രയോജനപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റത്.